Tuesday, November 21, 2006

അപ്പോളോ ആശുപത്രിയിലെ മൂന്നാ‍ലു ദിവസങ്ങള്‍....


തിരുവാണ്മിയൂരില്‍ തമിഴ് കൂട്ടുകാരോടൊന്നിച്ചു വാടകയ്ക്ക് താമസിച്ചിരുന്ന കാലം. വീട്ടുടമസ്ഥ്നന്‍ റിട്ടയേഡ് ഇം ഗ്ലീഷ് പ്രൊഫസറും ഭാര്യയും അനുജനുമായിരുന്നു താഴത്തെ നിലയില്‍.
അച്ഛന്‍, എത്ര തിരക്കുണ്ടെങ്കിലുംമീനമ്പാക്കത്തുനിന്നും ആഴ്ചയിലൊരിക്കല്‍ എന്നെ കാണാന്‍ വരാറുണ്ടായിരുന്നു. ഒരു വ്യാഴാഴ്ച രാവിലെ എന്നെ വിളിച്ചു പറഞ്ഞു വൈകീട്ട് അച്ഛന്‍ വരാംന്ന്.
ഞാന്‍ ഏഴുമണിയോടെ വീട്ടിലെത്തി. തിടുക്കത്തിലൊന്നു മേല്‍കഴുകി പുറത്തുവന്നതും കൂട്ടുകാരെല്ലാം എന്റെ മുറിയില്‍- മുഖങ്ങളില്‍ പതിവില്ലാത്ത ഗൌരവം. ഞാന്‍ കാര്യം തിരക്കി.ആദ്യം ഒന്നു മടിച്ചെങ്കിലും, കൂട്ടത്തില്‍ പക്വതയേറിയ ഷെന്‍ പറഞ്ഞു.”അച്ഛന്‍ വന്നിട്ടുണ്ട്, താഴെ ഇരിക്കുകയാണ്. മഞ്ജുവിനെ കാണണം ന്നു പറഞ്ഞു. വേഗംചെല്ലൂ...” ഷെന്നിന്റെ സ്വരത്തില്‍ ഇടര്‍ച്ച...മറ്റുള്ള മുഖങ്ങളില്‍ ഭീതി. ഇതെല്ലാം കൂട്ടിവായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഭയം തോന്നി എനിക്ക്. അച്ഛന്‍ എന്തിന് താഴെ ഇരിക്കണം. സാധാരണ മുകളിലേയ്ക്കു കയറി വര്വാണല്ലോ പതിവ്..ഒരു ആന്തലോടെ ഞാന്‍ താഴേയ്ക്കോടി! ....താഴെ ചെന്നപ്പോള്‍ അച്ഛന്‍ ഹൌസ് ഓണറുടെ സോഫയില്‍ കിടക്കുകയാണ്. ഇതേ വരെ ഞാനെന്റച്ഛനെ അങ്ങനെ കണ്ടിട്ടില്ല...അത്രേം ക്ഷീണിതനായി. ...തളര്‍ന്നു...എനിക്കു ശ്വാസം നിലച്ചുപോകുന്നപോലെ ത്ഓന്നി...ഞാന്‍ അച്ഛന്റെ അടുത്തേയ്ക്കോടി ചെന്ന് ആകൈ‍പിടിച്ചു. അച്ഛന്‍ വിഷമിച്ച് എന്തോ പറയാന്‍ ശ്രമിക്കുന്നു. എന്നോടും അമ്മയോടും ഒന്നും പറയരുതെന്ന് അച്ഛന്‍ ഹൌസ് ഓണറോടും മറ്റും പറഞ്ഞിരുന്നുവത്രേ...
പ്രൊഫസറും ഭാര്യയും കാര്യങ്ങള്‍ എന്നോട് വിശദമായി പറഞ്ഞു. അച്ഛന്‍ വന്നപാടെ സോഫയിലേയ്ക്കു തളര്‍ന്നു വീഴുകയായിരുന്നത്രേ! അവര്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ കൊണ്ടുപോയി ഉടനെ. ആ ഡോക്ടര്‍ ‘മൈല്‍ഡ് അറ്റാക്കാ‘ണെന്നും വിദഗ്ദ്ധ പരിശോധനയ്കായി വേറെ ആശുപത്രിയില്‍ എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്നും പറഞ്ഞത്രേ!
കാര്‍ വിളിക്കാന്‍ ആളെ വിട്ടിട്ടുണ്ടത്രേ!! ഓഫീസില്‍ നിന്നും വന്നിട്ട് അര മണിക്കൂറോളമായിട്ടും ഞാനിതൊന്നും അറിഞ്ഞില്ല..അറിയിക്കാതിരിക്കാന്‍ അവര്‍ എല്ലാവരും ശ്രമിച്ചു എന്നു പറയുന്നതാവും സത്യം.
.‘അച്ഛന് ഒന്നുമില്ല...കുറച്ച് ക്ഷീണേള്ളൂ “ ന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അച്ഛന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു...അപ്പോഴേയ്ക്കും കാര്‍ വന്നു. പിറകിലെ സീറ്റില്‍ അച്ഛനെ താങ്ങിപ്പിടിച്ച് ഞാനും സുഹാനും ഇരുവശത്തുമായി ഇരുന്നു.പവിയും ഷെന്നും ഡ്രൈവറോടൊപ്പം മുന്നിലും. അപ്പോളോ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കാര്‍ പാഞ്ഞു.
മനസ്സിലെ ഈശ്വരസങ്കല്പങ്ങളുടെയെല്ലാം പാദങ്ങള്‍ കണ്ണീരാല്‍ കഴുകി ഞാന്‍ മനസാ കുമ്പിട്ടു. ഇനി ഒരു പരീക്ഷണം കൂടി താങ്ങാനുള്ള കരുത്ത് ഞങ്ങള്‍ക്കില്ലെന്നു മനസാ വിലപിച്ചു.പക്ഷേ ആ സമയത്ത് എനിക്കെന്റെ സങ്കടം തെല്ലും പുറത്തു കാണിക്കാനാവുമായിരുന്നില്ല. ധൈര്യം സംഭരിച്ച്, അച്ഛന് മനോബലം കൊടുക്കേണ്ടതു വലിയ ഒരാവശ്യമായിരുന്നു. എന്നും എന്റെ അവസാനത്തെ ആശ്രയമായിരുന്ന, എന്നും എന്റച്ഛനാല്‍ അസാധ്യമായതും നടത്തിത്തന്ന് എന്നെ കാത്തുപോന്നിരുന്ന, എന്തു വിഷമം വരുമ്പോഴും ഞാനോടിച്ചെന്ന് പറയാ‍റുണ്ടായിരുന്ന, എന്റെ ആ ‘വലിയ’ അച്ഛനെ-സാക്ഷാല്‍ ശ്രീപരമേശ്വരനെ- മുറുകെപ്പിടിച്ചു. വീടിനോട് ചേര്‍ന്നുള്ള ശിവക്ഷേത്രത്തിലെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു-മനസ്സു കൊണ്ട്. .......അച്ഛനെ ഒരു കുഴപ്പവും കൂടാതെ തിരികെത്തന്നാ‍ല്‍ ഒരു ശയനപ്രദക്ഷിണം നടത്തിക്കൊള്ളാമെന്ന് നേര്‍ന്നു.(ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഇതു നടത്താനായുള്ളൂ. ചിലയിടത്തു പെണ്‍കുട്ടികള്‍ ഇതു ചെയ്യുന്നതില്‍ വിലക്കുള്ളതിനാല്‍ ശാന്തിക്കാരന്റെ അനുവാദം വാങ്ങിയതിനു ശേഷമാണ് ചെയ്തത്.)
കാറിനു വേഗത നന്നേ കുറവാണെന്നു തോന്നി. വേഗം പോകൂ എന്നു എത്ര തവണ ഞങ്ങള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നറിയില്ല...

അരമണിക്കൂര്‍ കഴിഞ്ഞു ആശുപത്രിയിലെത്താന്‍. ആംബുലന്‍സുകള്‍ കിടക്കുന്ന എമര്‍ജന്‍സി ഏരിയയില്‍ എത്തിയതും സ് ട്രെച്ചര്‍ വന്നു. അച്ഛനെ അതില്‍ കിടത്തി അതിവേഗത്തില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വാതിലടഞ്ഞു.കൂട്ടുകാര്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞ് ഒരു ഡോക്ടര്‍ പുറത്തുവന്നു കാര്യങ്ങള്‍ വിശദമായി തിരക്കി. അച്ഛന്റെ വാച്ചും മൊബൈലും പഴ്സും ഷര്‍ട്ടും ഒക്കെ ഇതിനിടെ ഒരു നഴ്സ് എന്നെ ഏല്‍പ്പിച്ചു. മൊബൈല്‍ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു..വീട്ടില്‍ നിന്ന് അമ്മയാണ്!! അതെടുക്കേണ്ടെന്നുപറഞ്ഞു കൂട്ടുകാര്‍. സ്വതവേ ബി പി ഒക്കെ ഉള്ള അമ്മയാണ്. അവിടെ അനിയത്തിയും അമ്മയും തനിച്ചേ ഉണ്ടാകൂ...രാത്രി സമയമാണ്. ഇവിടുത്തെ കാര്യങ്ങള്‍ പറഞ്ഞു വെറുതേ ആ പാവങ്ങളെ പേടിപ്പിക്കേണ്ടെന്നു ഞാനും കരുതി. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിട്ടു.
കുറച്ചു കഴിഞ്ഞ് അച്ഛന്റെ അടുത്തു ചെല്ലാന്‍ അനുവാദം കിട്ടി. അച്ഛന്‍ പതുക്കെ സംസാരിക്കുന്നു- ശാന്തമായി. അമ്മയോട് ഇതൊന്നും പറയരുതെന്നു പ്രത്യേകം നിര്‍ദ്ദേശിച്ചു. ഒരു മലയാളി ലേഡി ഡോക്ടര്‍ എന്നെ കാര്യങ്ങള്‍വിശദമായി പറഞ്ഞു മനസ്സിലാക്കി. ക്ലിനിക്കിലെ ഡോക്ടറുടെ കുറിപ്പും അവിടത്തെ ഇസിജി റിപ്പോര്‍ട്ടുമെല്ലാം ഞാന്‍ ഡോക്ടറെ ഏല്‍പ്പിച്ചു. എന്തിനും സഹായമായി കൂട്ടുകാര്‍ മൂന്നുപേരും ഉണ്ടായിരുന്നു..അറ്റാക്കാണെന്നു ഉറപ്പിക്കാന്‍ വരട്ടെ, കുറച്ചു ടെസ്റ്റുകള്‍ കൂടെ ബാക്കിയുണ്ട്, ഏതായാലും ഐ സി സി യു(ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റ്) വിലേയ്ക് അച്ഛനെ മാറ്റാന്‍ പോകുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കിട്ടാവുന്നതില്‍ മികച്ച ചികിത്സ തന്നെ അച്ഛനുകൊടുക്കുമെന്നു ഡോക്ടര്‍ എനിക്കു വാക്കുതന്നു. ഒരു ആണ്‍കുട്ടിയുടെ കുറവ് ഒരിക്കലും അച്ഛനും അമ്മയ്ക്കും ഉണ്ടാകാതെ നോക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. കുറച്ചു സമയം ഐ സി സി യൂ വിന്റ്റെ മുന്നില്‍ കാത്തുനിന്നതിനു ശേഷം അകത്തുകയറി അച്ഛനെ കാണാന്‍ അനുവാദം കിട്ടി. സമയം പാതിരാ കഴിഞ്ഞിരുന്നു.അച്ഛനെ കണ്ടതും ഒരു ചെറിയ ആശ്വാസം തോന്നി. അവര്‍ കൊടുത്ത ആഹാരം കഴിച്ചുവത്രേ! അവിടെ വച്ചു ഞാന്‍ അച്ഛന്റെ മൊബൈല്‍ ഓണ്‍ ആക്കി അമ്മയെ വിളിച്ചു സംസാരിപ്പിച്ചു.:) അമ്മ ചോദിച്ചു:“എന്താ അച്ഛന്‍ ഇന്നു നിന്റെ വീട്ടില്‍ ന്നിന്നും തിരിച്ചുപോവാഞ്ഞത്?”.... ഉത്തരം മുട്ടി എനിക്കു...അമ്മയോട് നുണ പറയാന്‍ കഴിയില്ല..ഇത്ര മാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു:“ആഹ്..ഇന്നു അച്ഛന്‍ എന്റടുത്താണ്..ഞാന്‍ അമ്മയെ രാവിലെ വിളിക്കാം...”
അമ്മയെ വിഡ്ഢിയാക്കേണ്ടി വന്നതില്‍ എനിക്കു വല്ലാത്ത കുറ്റബോധം തോന്നി.
കൂട്ടുകാര്‍ അത്താഴം കഴിക്കാന്‍ വിളിച്ചു..വിശപ്പുതോന്നിയില്ല...ജ്യൂസ് കുടിച്ചെന്ന് വരുത്തി...രാവിലെ ആകുമ്പോഴേയ്ക്കും ഇരുപതിനായിരം രൂപ വേണം..സുപ്രധാനമായ എന്തോ ടെസ്റ്റ് ഉണ്ടത്രേ. മാസാവസാനമാണ്...ആ സമയത്തു ആരോട് ചെന്നുചോദിക്കും..സുഹന്റെ അക്കൌണ്ടില്‍ ഭാഗ്യത്തിന് പൈസ ഉണ്ടായിരുന്നു. വെളുക്കുന്നതുവരെ ബൈസ്റ്റ്‍ാന്‍ഡേഴ്സ് റൂമില്‍ കഴിച്ചുകൂട്ടി. അടുത്തുള്ള എ ടി എമ്മില്‍ നിന്നും പൈസ എടുത്ത് സുഹന്‍ എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അവരോട് ലീവ് കളയേണ്ട, തിരിച്ചുപൊയ്ക്കൊള്ളുവാന്‍ പറഞ്ഞു. ചെന്നൈയിലുള്ള ഒരു ബന്ധുവിനെ വിളിച്ചു പറഞ്ഞുകൊള്ളാമെന്ന ഉറപ്പില്‍ അവര്‍ എന്നെ തനിച്ചാക്കി, മനസില്ലാമനസ്സോടെ തിരിച്ചുപോയി. ഒറ്റയ്ക്കാണെന്ന ചിന്ത തെല്ലും അലട്ടിയില്ല-ഉത്തരവാദിത്തബോധം ഏറി നിന്ന സമയമായിരുന്നതിനാല്‍. കുറച്ചു കഴിഞ്ഞ് ഞാന്‍ അമ്മാവനെ വിളിച്ച് മയത്തില്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. അമ്മാവന്റെ സുഹൃത്തു പാഞ്ഞെത്തി. ചെന്നൈയിലുള്ള ഏകബന്ധുവും, അച്ഛന്റെ ഒരു കസിനുമായ മധു ഏട്ടനും തിരക്കിട്ട് ഓടിയെത്തി... വൈകീട്ട് മുറിയിലേയ്ക്കു മാറ്റി അച്ഛനെ. ആ സന്തോഷത്തില്‍, മരമണ്ടിയായ ഞാന്‍ അമ്മയെ വിളിച്ചുപറഞ്ഞു:“അമ്മേ, അച്ഛനെ മുറീലേയ്ക്ക് മാറ്റി!!“
അമ്മ ചോദിച്ചു”അപ്പോ ഇത്രേം നേരം എവിട്യായിരുന്നു..?!!” ഞാന്‍ അബദ്ധം മനസ്സിലാക്കി..മടിച്ചുമടിച്ക് പറഞ്ഞു ...”ഐ... സി.. യു...... വില്‍.......” ....അങ്ങേത്തലയ്ക്കലെ ഭാവമാറ്റം ഞാനറിഞ്ഞു...അമ്മയോട് സാവധാനം എല്ലാം പറഞ്ഞുമനസ്സിലാക്കി... അച്ഛന്റെ കയ്യില്‍ ഫോണ്‍ കൊടുത്തു. അതോടെ ഫോണ്‍ വിളികള്‍ തുടരെത്തുടരെ വന്നുകൊണ്ടിരുന്നു..നാട്ടില്‍നിന്നും...
അതിനിടെ വീണ്ടും മുപ്പതിനായിരം രൂപ കൂടെ വേണമത്രേ! അമ്മാവന്റെ സുഹൃത്താണ് ആ സമയത്ത് സഹായത്തിനെത്തിയത്..

അന്നു വൈകീട്ട് അച്ഛനുള്ള ഭക്ഷണവും തയ്യാ‍റാക്കിക്കൊണ്ട് കൂട്ടുകാരെത്തി. സന്ധ്യയോടെ അവരുടെ കൂടെ എന്നെ‍ ഒന്നു ഫ്രെഷ് ആയി വരാന്‍ പറഞ്ഞു മധു ഏട്ടനും അമ്മാവന്റെ സുഹൃത്തുമൊക്കെ വീട്ടിലേയ്ക്കു അയച്ചു. മനസ്സില്ലാമനസ്സോടെയാണ് അവിടെ നിന്നും പോന്നത്. പിറ്റേന്നു ശനിയാഴ്ച! അതിരാവിലെ ഞാന്‍ ആശുപത്രിയിലെത്തി. അന്നു മുഴുവന്‍ അച്ഛനു കൂട്ടിരുന്നു... അറ്റാക്ക് ഒന്നുമല്ല, ലങ്സില്‍ ഇന്‍ഫെക്ഷന്‍ ആണെന്ന് ഡോക്ടര്‍ പറഞ്ഞതോടെ സമാധാനമായി. അച്ഛന്‍ സംഭവിച്ചതെന്താണെന്നു വിശദമായി പറഞ്ഞു. ഇന്‍സ്പെക്ഷനു വേണ്ടി ആവടിയിലുള്ള ഒരു കമ്പനിയിലെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അസ്വസ്ഥതയാണ്. എന്നെ കാണാനുള്ള ആഗ്രഹവുമുണ്ട്..ഉച്ചയോടെ അവിടെ നിന്നും പുറപ്പെട്ടതാണ്, ഞാന്‍ താമസിക്കുന്ന ഇടത്തേയ്ക്ക്!
അഡയാര്‍ എത്തിയതോടെ ക്ഷീണം കലശലായി. ബസില്‍ നിന്നിറങ്ങി മിനറല്‍ വാട്ടര്‍ വാങ്ങി കുടിച്ചു.
ആശ്വാസം തോന്നിയെങ്കിലും നല്ല തളര്‍ച്ച തോന്നിയതിനാല്‍ ഓട്ടോ വിളിച്ചാണു തിരുവാണ്മിയൂരുള്ള വീട്ടിലെത്തിയത്. വന്ന പാടെ സോഫയിലേയ്ക്കു തളര്‍ന്നു വീഴുകയായിരുന്നത്രേ!
ഉള്‍ക്കിടിലത്തോടെ ഞാന്‍ കേട്ടു നിന്നു. വി ആര്‍ എസ് എടുക്കാന്‍ ഞാനച്ഛനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
അന്നു അച്ഛന്റെ ഓഫീസില്‍ നിന്നും ഒന്നുരണ്ടു പേര്‍ വന്നിരുന്നു.
പിറ്റേന്നു വെളുപ്പിന് കൊച്ചച്ഛനും അമ്മാവനും എത്തി. പിന്നീട് ആശുപത്രിമുറിയില്‍ ചിരിയും കളിയും....ആ‍കെ ആഘോഷം!! രണ്ടുദിവസം മുന്‍പു എന്നെ തീ തീറ്റിച്ച ആളാണോ കട്ടിലില്‍ ഇരിക്കുന്നതെന്നു പോലും ഞാന്‍ സംശയിച്ചുപോയി. ഈശ്വരനു നന്ദി പറഞ്ഞു..ഉച്ചയോടെ ഡിസ്ചാര്‍ജ് ആയി. ഞങ്ങളുടെ വാടകവീട്ടിലെത്തി. ഞങ്ങള്‍ ആറു പെണ്‍കുട്ടികളും ചേര്‍ന്ന് ഊണൊരുക്കി. അല്പസമയം വിശ്രമിച്ചിട്ടു വൈകീട്ടത്തെ ട്രെയിനില്‍ അച്ഛനും അമ്മാവനും കൊച്ചച്ഛനും നാട്ടിലേയ്ക്ക്.
പിറ്റേന്നു അച്ഛന്‍ അമ്മയുടെ അടുത്തെത്തി എന്നറിഞ്ഞപ്പോഴാണ് എനിക്കു പൂര്‍ണ്ണസമാധാനമായത്. സഹായിച്ചവരോടൊക്കെ ഞാന്‍ ഈ ജന്മം കടപ്പെട്ടിരിക്കും!

13 Comments:

Blogger Sreejith K. said...

ഒരു പെണ്‍കുട്ടി ശരിക്കും നിസ്സഹായ ആവുന്ന ഒരു അവസ്ഥയിലും പിടിച്ചു നിന്ന ദുര്‍ഗ്ഗയുടെ മനസ്സാനിധ്യത്തിനെ പുകഴ്ത്തുന്നു. ഇത്ര വിശദമായി എഴുതാനുള്ള കഴിവും സമ്മതിച്ചു തരുന്നു.

ഈ പോസ്റ്റ് അച്ഛനെ കാണിക്കണം കേട്ടോ. ഇതെത്ര തവണ അദ്ദേഹം കേട്ടിട്ടുണ്ടാകും എന്നൂഹിക്കാം, എന്നാലും ...

1:51 AM  
Blogger Obi T R said...

വല്ലാതെ സങ്കടപെടുത്തിയ പോസ്റ്റ്. അച്ഛന്റെം അമ്മേടേം അടുത്തേക്ക് ഓടി എത്താന്‍ തോന്നുന്നു.

2:56 AM  
Blogger മുസാഫിര്‍ said...

ദുര്‍ഗ്ഗാ,

സാഹചര്യങ്ങളോടു പടപൊരുതി നേടിയ ഈ വിജയത്തില്‍ തീര്‍ച്ചയായും അഭിമാനിക്കാം.
'When the going gets tough,the tough gets going '
എന്ന പട്ടാളത്തിലെ ഉത്തേജക വാക്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ആവര്‍ത്തിക്കുന്നു.

3:41 AM  
Blogger ലിഡിയ said...

ദുര്‍ഗ്ഗാ, കണ്ണ് നിറഞ്ഞെങ്കിലും മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി, ഇങ്ങനെയുള്ള അവസരത്തില്‍ പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്ന ശക്തികളൊക്കെയും ദൈവത്തിന്റെ കൈകള്‍ തന്നെ, ദൃശ്യവും അദൃശ്യവും എല്ലാം..

ഈ ആത്മശക്തി ചുറ്റുമുള്ളവര്‍ക്കും പകര്‍ന്ന് കൊടുക്കൂ..( പിന്നെ ഒരു ചാനലിലേയും സീരിയലുകള്‍ കാണരുതെന്ന് ഉപദേശവും കൊടുക്കൂ, വഴിതെറ്റാനും പിന്നെ കരയാനും മാത്രമുള്ള ചാവിയിട്ട പാവകള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ എന്ന് അവ എഴുതി വച്ച് കൊണ്ടിരിക്കുകയാണ്, ഇന്നിന്റെ ഒരു വലിയ ശാപമായി മാറി കൊണ്ടിരിക്കുന്നു സീരിയലുകള്‍)

-പാര്‍വതി.

5:49 AM  
Blogger Inji Pennu said...

ഹൊ! ദുര്‍ഗ്ഗ ശയനപ്രദക്ഷിണം നടത്തിയെന്ന് വായിക്കുന്നതുവരെ ചങ്ക് പടാപടാന്നായിരുന്നു.
അപ്പനും അമ്മക്കും എന്തെങ്കിലും അസുഖം എന്ന് കേള്‍ക്കുമ്പൊ തന്നെ ചത്തതുപോലെയാവും ഞാന്‍.ഒന്നും പിന്നെ വര്‍ക്ക് ചെയ്യൂല്ല. ദുര്‍ഗ്ഗക്ക് ഇത്രേം മനസ്സാനിധ്യം ഉണ്ടല്ലൊ. എന്തായലും അറ്റാക്ക് ഒന്നും ആയിരുന്നില്ലല്ലൊ. ദൈവകാരുണ്യം! ഇതൊക്കെ പിന്നീടിങ്ങിനെ സധൈര്യം എഴുതാനും പറ്റുന്നുണ്ടല്ലൊ. മിടുക്കി!

11:12 AM  
Blogger Durga said...

നന്ദി.:)
പാര്‍വ്വതി പറഞ്ഞത് ശരിയാണ്. ഈ സീരിയലുകള്‍ സമയംകൊല്ലികള്‍ മാത്രമല്ല, പരോക്ഷമായി വ്യക്തിത്വത്തില്‍ അത്ര നല്ലതല്ലാത്ത സ്വാധീനവും ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് അനുകരണഭ്രമം കൌമാരക്കാരില്‍ മാത്രം ഒതുങ്ങിനില്ക്കാത്ത ഇക്കാലത്ത്.:)

1:32 AM  
Blogger Durga said...

പരീക്ഷണം.

11:59 PM  
Blogger Siju | സിജു said...

അത്തരം സന്ദര്‍ഭങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെ സമ്മതിച്ചു തന്നിരിക്കുന്നു. പല പെണ്‍കുട്ടികളും ഒന്നും ചെയ്യാന്‍ കഴിയാതെ കരയുക മാത്രമാണ് കണ്ടിട്ടുള്ളത്. ഒരു പക്ഷേ, വേറെയാരും സഹായത്തിനില്ലെന്നു വരുമ്പോഴായിരിക്കും കൂടുതല്‍ ധൈര്യം വരിക

1:30 AM  
Blogger ദേവന്‍ said...

ദുര്‍ഗ്ഗേ,
കൈപ്പള്ളി ഉമ്മയെക്കുറിച്ചെഴുതിയ പോസ്റ്റിന്‌ ഇടാന്‍ മനസ്സില്‍ വച്ചിരുന്ന കമന്റ്‌ ഇവിടെയിടുന്നു.
ഇവിടത്തെ വിമാനത്താവളം ഫയര്‍ ചീഫ്‌ കേണല്‍ റാഡ്ഫോര്‍ഡ്‌ ഒരു ക്ലാസിന്റെ തുടക്കമായി പറഞ്ഞത്‌.
"ഈ തണുപ്പുമുറിയില്‍ പതുങ്ങുന്ന കസേരയില്‍ സ്വസ്ഥമായി ചാരി ഇരിക്കുമ്പോള്‍ ആര്‍ക്കും ആരുമാവാം. ഒരു ഞെട്ടിക്കുന്ന പ്രതിസന്ധിയുണ്ടാകുമ്പോള്‍ നിനക്ക്‌ യഥാര്‍ത്ഥ നീയാകാനേ കഴിയൂ. ആ നീയാണ്‌ ശരിക്കുള്ള നീ. അതു കൊള്ളാവുന്നവനാണോ കൊള്ളരുതാത്തവനാണോ, കഴിവുള്ളവനാണോ അല്ലാത്തവനാണോ ദുഷ്ടനാണോ നല്ലവനാണോ? അതറിയാനേ എനിക്കു താല്‍പ്പര്യമുള്ളൂ.."

അഭിനന്ദനങ്ങള്‍

1:42 AM  
Blogger ചില നേരത്ത്.. said...

ദുര്‍ഗാ, എന്റെ അങ്കിളുമൊത്ത് ഇപ്രാവശ്യത്തെ അവധിയ്ക് അദ്ദേഹത്തിനായി വേണ്ടി വന്ന ചില ഹൃദ്രോഗ
പരിശോധനയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്ന മൂന്ന് ദിവസത്തെ ഈ അനുഭവകുറിപ്പോര്‍മ്മിപ്പിച്ചു, ഈ അനുഭവകുറിപ്പ്.
അന്യദേശത്ത് അപരിചിതര്‍ക്കിടയില്‍ മനോധൈര്യം കൈവിടാതെ അവസരോചിതമായി വര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് പിതൃസ്നേഹം
അത്രമേല്‍ അനുഗ്രഹീതമായി ദുര്‍ഗയില്‍ നിലനില്‍ക്കുന്നതിനാലാണ്.
എക്കാലത്തും നിലനില്‍ക്കട്ടെ ഈ സ്നേഹം..

12:41 AM  
Blogger Anuraj said...

ഉള്ളില്‍ സ്പര്‍ശിക്കുന്ന എഴുത്ത്.....

10:14 PM  
Blogger Sapna Anu B.George said...

നെഞ്ചില്‍ തൊട്ടു കേട്ടോ

7:15 AM  
Blogger Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://madirasipuranam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

3:27 AM  

Post a Comment

<< Home