Tuesday, November 21, 2006

അപ്പോളോ ആശുപത്രിയിലെ മൂന്നാ‍ലു ദിവസങ്ങള്‍....


തിരുവാണ്മിയൂരില്‍ തമിഴ് കൂട്ടുകാരോടൊന്നിച്ചു വാടകയ്ക്ക് താമസിച്ചിരുന്ന കാലം. വീട്ടുടമസ്ഥ്നന്‍ റിട്ടയേഡ് ഇം ഗ്ലീഷ് പ്രൊഫസറും ഭാര്യയും അനുജനുമായിരുന്നു താഴത്തെ നിലയില്‍.
അച്ഛന്‍, എത്ര തിരക്കുണ്ടെങ്കിലുംമീനമ്പാക്കത്തുനിന്നും ആഴ്ചയിലൊരിക്കല്‍ എന്നെ കാണാന്‍ വരാറുണ്ടായിരുന്നു. ഒരു വ്യാഴാഴ്ച രാവിലെ എന്നെ വിളിച്ചു പറഞ്ഞു വൈകീട്ട് അച്ഛന്‍ വരാംന്ന്.
ഞാന്‍ ഏഴുമണിയോടെ വീട്ടിലെത്തി. തിടുക്കത്തിലൊന്നു മേല്‍കഴുകി പുറത്തുവന്നതും കൂട്ടുകാരെല്ലാം എന്റെ മുറിയില്‍- മുഖങ്ങളില്‍ പതിവില്ലാത്ത ഗൌരവം. ഞാന്‍ കാര്യം തിരക്കി.ആദ്യം ഒന്നു മടിച്ചെങ്കിലും, കൂട്ടത്തില്‍ പക്വതയേറിയ ഷെന്‍ പറഞ്ഞു.”അച്ഛന്‍ വന്നിട്ടുണ്ട്, താഴെ ഇരിക്കുകയാണ്. മഞ്ജുവിനെ കാണണം ന്നു പറഞ്ഞു. വേഗംചെല്ലൂ...” ഷെന്നിന്റെ സ്വരത്തില്‍ ഇടര്‍ച്ച...മറ്റുള്ള മുഖങ്ങളില്‍ ഭീതി. ഇതെല്ലാം കൂട്ടിവായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഭയം തോന്നി എനിക്ക്. അച്ഛന്‍ എന്തിന് താഴെ ഇരിക്കണം. സാധാരണ മുകളിലേയ്ക്കു കയറി വര്വാണല്ലോ പതിവ്..ഒരു ആന്തലോടെ ഞാന്‍ താഴേയ്ക്കോടി! ....താഴെ ചെന്നപ്പോള്‍ അച്ഛന്‍ ഹൌസ് ഓണറുടെ സോഫയില്‍ കിടക്കുകയാണ്. ഇതേ വരെ ഞാനെന്റച്ഛനെ അങ്ങനെ കണ്ടിട്ടില്ല...അത്രേം ക്ഷീണിതനായി. ...തളര്‍ന്നു...എനിക്കു ശ്വാസം നിലച്ചുപോകുന്നപോലെ ത്ഓന്നി...ഞാന്‍ അച്ഛന്റെ അടുത്തേയ്ക്കോടി ചെന്ന് ആകൈ‍പിടിച്ചു. അച്ഛന്‍ വിഷമിച്ച് എന്തോ പറയാന്‍ ശ്രമിക്കുന്നു. എന്നോടും അമ്മയോടും ഒന്നും പറയരുതെന്ന് അച്ഛന്‍ ഹൌസ് ഓണറോടും മറ്റും പറഞ്ഞിരുന്നുവത്രേ...
പ്രൊഫസറും ഭാര്യയും കാര്യങ്ങള്‍ എന്നോട് വിശദമായി പറഞ്ഞു. അച്ഛന്‍ വന്നപാടെ സോഫയിലേയ്ക്കു തളര്‍ന്നു വീഴുകയായിരുന്നത്രേ! അവര്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ കൊണ്ടുപോയി ഉടനെ. ആ ഡോക്ടര്‍ ‘മൈല്‍ഡ് അറ്റാക്കാ‘ണെന്നും വിദഗ്ദ്ധ പരിശോധനയ്കായി വേറെ ആശുപത്രിയില്‍ എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്നും പറഞ്ഞത്രേ!
കാര്‍ വിളിക്കാന്‍ ആളെ വിട്ടിട്ടുണ്ടത്രേ!! ഓഫീസില്‍ നിന്നും വന്നിട്ട് അര മണിക്കൂറോളമായിട്ടും ഞാനിതൊന്നും അറിഞ്ഞില്ല..അറിയിക്കാതിരിക്കാന്‍ അവര്‍ എല്ലാവരും ശ്രമിച്ചു എന്നു പറയുന്നതാവും സത്യം.
.‘അച്ഛന് ഒന്നുമില്ല...കുറച്ച് ക്ഷീണേള്ളൂ “ ന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അച്ഛന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു...അപ്പോഴേയ്ക്കും കാര്‍ വന്നു. പിറകിലെ സീറ്റില്‍ അച്ഛനെ താങ്ങിപ്പിടിച്ച് ഞാനും സുഹാനും ഇരുവശത്തുമായി ഇരുന്നു.പവിയും ഷെന്നും ഡ്രൈവറോടൊപ്പം മുന്നിലും. അപ്പോളോ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കാര്‍ പാഞ്ഞു.
മനസ്സിലെ ഈശ്വരസങ്കല്പങ്ങളുടെയെല്ലാം പാദങ്ങള്‍ കണ്ണീരാല്‍ കഴുകി ഞാന്‍ മനസാ കുമ്പിട്ടു. ഇനി ഒരു പരീക്ഷണം കൂടി താങ്ങാനുള്ള കരുത്ത് ഞങ്ങള്‍ക്കില്ലെന്നു മനസാ വിലപിച്ചു.പക്ഷേ ആ സമയത്ത് എനിക്കെന്റെ സങ്കടം തെല്ലും പുറത്തു കാണിക്കാനാവുമായിരുന്നില്ല. ധൈര്യം സംഭരിച്ച്, അച്ഛന് മനോബലം കൊടുക്കേണ്ടതു വലിയ ഒരാവശ്യമായിരുന്നു. എന്നും എന്റെ അവസാനത്തെ ആശ്രയമായിരുന്ന, എന്നും എന്റച്ഛനാല്‍ അസാധ്യമായതും നടത്തിത്തന്ന് എന്നെ കാത്തുപോന്നിരുന്ന, എന്തു വിഷമം വരുമ്പോഴും ഞാനോടിച്ചെന്ന് പറയാ‍റുണ്ടായിരുന്ന, എന്റെ ആ ‘വലിയ’ അച്ഛനെ-സാക്ഷാല്‍ ശ്രീപരമേശ്വരനെ- മുറുകെപ്പിടിച്ചു. വീടിനോട് ചേര്‍ന്നുള്ള ശിവക്ഷേത്രത്തിലെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു-മനസ്സു കൊണ്ട്. .......അച്ഛനെ ഒരു കുഴപ്പവും കൂടാതെ തിരികെത്തന്നാ‍ല്‍ ഒരു ശയനപ്രദക്ഷിണം നടത്തിക്കൊള്ളാമെന്ന് നേര്‍ന്നു.(ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഇതു നടത്താനായുള്ളൂ. ചിലയിടത്തു പെണ്‍കുട്ടികള്‍ ഇതു ചെയ്യുന്നതില്‍ വിലക്കുള്ളതിനാല്‍ ശാന്തിക്കാരന്റെ അനുവാദം വാങ്ങിയതിനു ശേഷമാണ് ചെയ്തത്.)
കാറിനു വേഗത നന്നേ കുറവാണെന്നു തോന്നി. വേഗം പോകൂ എന്നു എത്ര തവണ ഞങ്ങള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നറിയില്ല...

അരമണിക്കൂര്‍ കഴിഞ്ഞു ആശുപത്രിയിലെത്താന്‍. ആംബുലന്‍സുകള്‍ കിടക്കുന്ന എമര്‍ജന്‍സി ഏരിയയില്‍ എത്തിയതും സ് ട്രെച്ചര്‍ വന്നു. അച്ഛനെ അതില്‍ കിടത്തി അതിവേഗത്തില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വാതിലടഞ്ഞു.കൂട്ടുകാര്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞ് ഒരു ഡോക്ടര്‍ പുറത്തുവന്നു കാര്യങ്ങള്‍ വിശദമായി തിരക്കി. അച്ഛന്റെ വാച്ചും മൊബൈലും പഴ്സും ഷര്‍ട്ടും ഒക്കെ ഇതിനിടെ ഒരു നഴ്സ് എന്നെ ഏല്‍പ്പിച്ചു. മൊബൈല്‍ തുടരെ ശബ്ദിച്ചുകൊണ്ടിരുന്നു..വീട്ടില്‍ നിന്ന് അമ്മയാണ്!! അതെടുക്കേണ്ടെന്നുപറഞ്ഞു കൂട്ടുകാര്‍. സ്വതവേ ബി പി ഒക്കെ ഉള്ള അമ്മയാണ്. അവിടെ അനിയത്തിയും അമ്മയും തനിച്ചേ ഉണ്ടാകൂ...രാത്രി സമയമാണ്. ഇവിടുത്തെ കാര്യങ്ങള്‍ പറഞ്ഞു വെറുതേ ആ പാവങ്ങളെ പേടിപ്പിക്കേണ്ടെന്നു ഞാനും കരുതി. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിട്ടു.
കുറച്ചു കഴിഞ്ഞ് അച്ഛന്റെ അടുത്തു ചെല്ലാന്‍ അനുവാദം കിട്ടി. അച്ഛന്‍ പതുക്കെ സംസാരിക്കുന്നു- ശാന്തമായി. അമ്മയോട് ഇതൊന്നും പറയരുതെന്നു പ്രത്യേകം നിര്‍ദ്ദേശിച്ചു. ഒരു മലയാളി ലേഡി ഡോക്ടര്‍ എന്നെ കാര്യങ്ങള്‍വിശദമായി പറഞ്ഞു മനസ്സിലാക്കി. ക്ലിനിക്കിലെ ഡോക്ടറുടെ കുറിപ്പും അവിടത്തെ ഇസിജി റിപ്പോര്‍ട്ടുമെല്ലാം ഞാന്‍ ഡോക്ടറെ ഏല്‍പ്പിച്ചു. എന്തിനും സഹായമായി കൂട്ടുകാര്‍ മൂന്നുപേരും ഉണ്ടായിരുന്നു..അറ്റാക്കാണെന്നു ഉറപ്പിക്കാന്‍ വരട്ടെ, കുറച്ചു ടെസ്റ്റുകള്‍ കൂടെ ബാക്കിയുണ്ട്, ഏതായാലും ഐ സി സി യു(ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റ്) വിലേയ്ക് അച്ഛനെ മാറ്റാന്‍ പോകുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. കിട്ടാവുന്നതില്‍ മികച്ച ചികിത്സ തന്നെ അച്ഛനുകൊടുക്കുമെന്നു ഡോക്ടര്‍ എനിക്കു വാക്കുതന്നു. ഒരു ആണ്‍കുട്ടിയുടെ കുറവ് ഒരിക്കലും അച്ഛനും അമ്മയ്ക്കും ഉണ്ടാകാതെ നോക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. കുറച്ചു സമയം ഐ സി സി യൂ വിന്റ്റെ മുന്നില്‍ കാത്തുനിന്നതിനു ശേഷം അകത്തുകയറി അച്ഛനെ കാണാന്‍ അനുവാദം കിട്ടി. സമയം പാതിരാ കഴിഞ്ഞിരുന്നു.അച്ഛനെ കണ്ടതും ഒരു ചെറിയ ആശ്വാസം തോന്നി. അവര്‍ കൊടുത്ത ആഹാരം കഴിച്ചുവത്രേ! അവിടെ വച്ചു ഞാന്‍ അച്ഛന്റെ മൊബൈല്‍ ഓണ്‍ ആക്കി അമ്മയെ വിളിച്ചു സംസാരിപ്പിച്ചു.:) അമ്മ ചോദിച്ചു:“എന്താ അച്ഛന്‍ ഇന്നു നിന്റെ വീട്ടില്‍ ന്നിന്നും തിരിച്ചുപോവാഞ്ഞത്?”.... ഉത്തരം മുട്ടി എനിക്കു...അമ്മയോട് നുണ പറയാന്‍ കഴിയില്ല..ഇത്ര മാത്രം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു:“ആഹ്..ഇന്നു അച്ഛന്‍ എന്റടുത്താണ്..ഞാന്‍ അമ്മയെ രാവിലെ വിളിക്കാം...”
അമ്മയെ വിഡ്ഢിയാക്കേണ്ടി വന്നതില്‍ എനിക്കു വല്ലാത്ത കുറ്റബോധം തോന്നി.
കൂട്ടുകാര്‍ അത്താഴം കഴിക്കാന്‍ വിളിച്ചു..വിശപ്പുതോന്നിയില്ല...ജ്യൂസ് കുടിച്ചെന്ന് വരുത്തി...രാവിലെ ആകുമ്പോഴേയ്ക്കും ഇരുപതിനായിരം രൂപ വേണം..സുപ്രധാനമായ എന്തോ ടെസ്റ്റ് ഉണ്ടത്രേ. മാസാവസാനമാണ്...ആ സമയത്തു ആരോട് ചെന്നുചോദിക്കും..സുഹന്റെ അക്കൌണ്ടില്‍ ഭാഗ്യത്തിന് പൈസ ഉണ്ടായിരുന്നു. വെളുക്കുന്നതുവരെ ബൈസ്റ്റ്‍ാന്‍ഡേഴ്സ് റൂമില്‍ കഴിച്ചുകൂട്ടി. അടുത്തുള്ള എ ടി എമ്മില്‍ നിന്നും പൈസ എടുത്ത് സുഹന്‍ എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അവരോട് ലീവ് കളയേണ്ട, തിരിച്ചുപൊയ്ക്കൊള്ളുവാന്‍ പറഞ്ഞു. ചെന്നൈയിലുള്ള ഒരു ബന്ധുവിനെ വിളിച്ചു പറഞ്ഞുകൊള്ളാമെന്ന ഉറപ്പില്‍ അവര്‍ എന്നെ തനിച്ചാക്കി, മനസില്ലാമനസ്സോടെ തിരിച്ചുപോയി. ഒറ്റയ്ക്കാണെന്ന ചിന്ത തെല്ലും അലട്ടിയില്ല-ഉത്തരവാദിത്തബോധം ഏറി നിന്ന സമയമായിരുന്നതിനാല്‍. കുറച്ചു കഴിഞ്ഞ് ഞാന്‍ അമ്മാവനെ വിളിച്ച് മയത്തില്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. അമ്മാവന്റെ സുഹൃത്തു പാഞ്ഞെത്തി. ചെന്നൈയിലുള്ള ഏകബന്ധുവും, അച്ഛന്റെ ഒരു കസിനുമായ മധു ഏട്ടനും തിരക്കിട്ട് ഓടിയെത്തി... വൈകീട്ട് മുറിയിലേയ്ക്കു മാറ്റി അച്ഛനെ. ആ സന്തോഷത്തില്‍, മരമണ്ടിയായ ഞാന്‍ അമ്മയെ വിളിച്ചുപറഞ്ഞു:“അമ്മേ, അച്ഛനെ മുറീലേയ്ക്ക് മാറ്റി!!“
അമ്മ ചോദിച്ചു”അപ്പോ ഇത്രേം നേരം എവിട്യായിരുന്നു..?!!” ഞാന്‍ അബദ്ധം മനസ്സിലാക്കി..മടിച്ചുമടിച്ക് പറഞ്ഞു ...”ഐ... സി.. യു...... വില്‍.......” ....അങ്ങേത്തലയ്ക്കലെ ഭാവമാറ്റം ഞാനറിഞ്ഞു...അമ്മയോട് സാവധാനം എല്ലാം പറഞ്ഞുമനസ്സിലാക്കി... അച്ഛന്റെ കയ്യില്‍ ഫോണ്‍ കൊടുത്തു. അതോടെ ഫോണ്‍ വിളികള്‍ തുടരെത്തുടരെ വന്നുകൊണ്ടിരുന്നു..നാട്ടില്‍നിന്നും...
അതിനിടെ വീണ്ടും മുപ്പതിനായിരം രൂപ കൂടെ വേണമത്രേ! അമ്മാവന്റെ സുഹൃത്താണ് ആ സമയത്ത് സഹായത്തിനെത്തിയത്..

അന്നു വൈകീട്ട് അച്ഛനുള്ള ഭക്ഷണവും തയ്യാ‍റാക്കിക്കൊണ്ട് കൂട്ടുകാരെത്തി. സന്ധ്യയോടെ അവരുടെ കൂടെ എന്നെ‍ ഒന്നു ഫ്രെഷ് ആയി വരാന്‍ പറഞ്ഞു മധു ഏട്ടനും അമ്മാവന്റെ സുഹൃത്തുമൊക്കെ വീട്ടിലേയ്ക്കു അയച്ചു. മനസ്സില്ലാമനസ്സോടെയാണ് അവിടെ നിന്നും പോന്നത്. പിറ്റേന്നു ശനിയാഴ്ച! അതിരാവിലെ ഞാന്‍ ആശുപത്രിയിലെത്തി. അന്നു മുഴുവന്‍ അച്ഛനു കൂട്ടിരുന്നു... അറ്റാക്ക് ഒന്നുമല്ല, ലങ്സില്‍ ഇന്‍ഫെക്ഷന്‍ ആണെന്ന് ഡോക്ടര്‍ പറഞ്ഞതോടെ സമാധാനമായി. അച്ഛന്‍ സംഭവിച്ചതെന്താണെന്നു വിശദമായി പറഞ്ഞു. ഇന്‍സ്പെക്ഷനു വേണ്ടി ആവടിയിലുള്ള ഒരു കമ്പനിയിലെത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അസ്വസ്ഥതയാണ്. എന്നെ കാണാനുള്ള ആഗ്രഹവുമുണ്ട്..ഉച്ചയോടെ അവിടെ നിന്നും പുറപ്പെട്ടതാണ്, ഞാന്‍ താമസിക്കുന്ന ഇടത്തേയ്ക്ക്!
അഡയാര്‍ എത്തിയതോടെ ക്ഷീണം കലശലായി. ബസില്‍ നിന്നിറങ്ങി മിനറല്‍ വാട്ടര്‍ വാങ്ങി കുടിച്ചു.
ആശ്വാസം തോന്നിയെങ്കിലും നല്ല തളര്‍ച്ച തോന്നിയതിനാല്‍ ഓട്ടോ വിളിച്ചാണു തിരുവാണ്മിയൂരുള്ള വീട്ടിലെത്തിയത്. വന്ന പാടെ സോഫയിലേയ്ക്കു തളര്‍ന്നു വീഴുകയായിരുന്നത്രേ!
ഉള്‍ക്കിടിലത്തോടെ ഞാന്‍ കേട്ടു നിന്നു. വി ആര്‍ എസ് എടുക്കാന്‍ ഞാനച്ഛനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
അന്നു അച്ഛന്റെ ഓഫീസില്‍ നിന്നും ഒന്നുരണ്ടു പേര്‍ വന്നിരുന്നു.
പിറ്റേന്നു വെളുപ്പിന് കൊച്ചച്ഛനും അമ്മാവനും എത്തി. പിന്നീട് ആശുപത്രിമുറിയില്‍ ചിരിയും കളിയും....ആ‍കെ ആഘോഷം!! രണ്ടുദിവസം മുന്‍പു എന്നെ തീ തീറ്റിച്ച ആളാണോ കട്ടിലില്‍ ഇരിക്കുന്നതെന്നു പോലും ഞാന്‍ സംശയിച്ചുപോയി. ഈശ്വരനു നന്ദി പറഞ്ഞു..ഉച്ചയോടെ ഡിസ്ചാര്‍ജ് ആയി. ഞങ്ങളുടെ വാടകവീട്ടിലെത്തി. ഞങ്ങള്‍ ആറു പെണ്‍കുട്ടികളും ചേര്‍ന്ന് ഊണൊരുക്കി. അല്പസമയം വിശ്രമിച്ചിട്ടു വൈകീട്ടത്തെ ട്രെയിനില്‍ അച്ഛനും അമ്മാവനും കൊച്ചച്ഛനും നാട്ടിലേയ്ക്ക്.
പിറ്റേന്നു അച്ഛന്‍ അമ്മയുടെ അടുത്തെത്തി എന്നറിഞ്ഞപ്പോഴാണ് എനിക്കു പൂര്‍ണ്ണസമാധാനമായത്. സഹായിച്ചവരോടൊക്കെ ഞാന്‍ ഈ ജന്മം കടപ്പെട്ടിരിക്കും!

Friday, November 10, 2006

പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. ഹോസ്റ്റലില്‍ ആ സമയത്തെഴുന്നേല്‍ക്കുന്നവര്‍ ആരുമില്ല. ഞാനും അമ്മയും കുളികഴിഞ്ഞു മെസ് ഹാളില്‍ ചെന്ന് ബ്രൂ കോഫിയൂം കുടിച്ചിരുന്നു.
പത്രം വന്നപ്പോള്‍ അതെടുത്തു വായിച്ചു. കുറച്ചു നേരം ടി. വി കണ്ടു. കുറച്ചു കഴിഞ്ഞതോടെ അച്ഛന്‍ എത്തി. അലക്കിത്തേച്ചു വച്ചിരുന്ന കുപ്പായമൊക്കെ എടുത്തിട്ട് ദുര്‍ഗ്ഗ ഉഷാറായി.
പത്തുമണിയോടെ ഒരു ഓട്ടോയില്‍ ടൈഡല്‍ പാര്‍ക്കില്‍ എത്തി. എന്താ ഒരു കെട്ടിടം! കീ കൊടുത്തോടിക്കുന്ന പാവകളെപ്പോലെ, ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാരെന്നു പറയുന്ന പോലെ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍. ബലിമൃഗത്തിന്റെ കഴുത്തിലെ ഹാരം കണക്കെ കഴുത്തില്‍ തൂങ്ങുന്ന കമ്പനി ടാഗ്. ചിലര്‍ക്ക് മൊബൈല്‍ കൂടിയുണ്ട് അതിനു കൂട്ടായി കഴുത്തില്‍. താഴത്തെ നിലയിലെ വിശാലമായ തളത്തിന്റെ വലതു ഭാഗത്ത് ഫുഡ് കോര്‍ട്ട്. നടുവിലായി എസ്കലേറ്റര്‍. ആദ്യമായി നേരിട്ടു എസ്കലേറ്റര്‍ കണ്ട ദുര്‍ഗ്ഗ അപ്പോള്‍ കിട്ടിയ ഒരു കൂട്ടുകാരിയുമൊത്തു അതില്‍ കയറിയിറങ്ങി കളിച്ചത് മറ്റൊരു രഹസ്യം. നഴ്സറിക്കാ‍ലത്തേയ്ക്ക് ഞാന്‍ തിരിച്ചുപോയി.
കാത്തിരിപ്പിനു അന്ത്യം കുറിച്ചുകൊണ്ട് സി ടി എസ് എച്ച് ആറിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ആറാം നിലയിലെ ഓഫീസിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി. ക്യാമ്പസ് ഇന്റര്‍വ്യൂവിനു യൂണിവേഴ്സിറ്റിയില്‍ വന്നു പി പി ടി അവതരിപ്പിച്ച താരം അതാ ഇരിക്കുന്നു മുറിയുടെ ഒരു മൂലയില്‍-തോമസ് ചെറിയാന്‍. അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം വാങ്ങി നോക്കി.ഇനീഷ്യല്‍ ഫോര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞു. പിറ്റേന്നത്തെ മെഡിക്കല്‍ ചെക്കപ്പിനു ശേഷം തിങ്കളാഴ്ച നുങ്കമ്പാക്കം ഹാഡോവ്സ് റോഡിലുള്ള എ. പീ. ജെ . സെന്ററില്‍ എത്താന്‍ പറഞ്ഞു. പുറത്തിറങ്ങീപ്പോള്‍ അച്ഛനും അമ്മയും ഉദ്യോഗസ്ഥയായ മകളെ കണ്ട് കൃതാര്‍ത്ഥരായി.:)

Tuesday, August 22, 2006

മദിരാശിയിലെത്തുന്നു
--------------------------

അങ്ങനെ അന്നു രാവിലെ ചെന്നൈ സെന്‍ ട്രല്‍ സ്റ്റേഷനില്‍ അമ്മക്കിളിയുടേയും അച്ഛന്‍ കിളിയുടേയും കൂടെ ഈ കുഞ്ഞിക്കിളി വണ്ടിയിറങ്ങി.കയ്യില്‍ മൂന്നാലു പെട്ടികളുമായി.
മനസ്സു മൂളിക്കൊണ്ടിരുന്നു- “നാട്യപ്രധാനം നഗരം ദരിദ്രം....“.
എന്തു തിരക്കാ സ്റ്റേഷനില്‍..നീലയും ചുവപ്പുമണിഞ്ഞ ചുമട്ടുകാരുടേയും ക്ഷീണിതരായ യാത്രക്കാരുടേയും നെട്ടോട്ടം!! അതിനിടയില്‍ ഉത്സവപ്പറമ്പില്‍ വഴിതെറ്റാതിരിക്കാന്‍ അമ്മയുടെ സാരിത്തുമ്പ് പിടിക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍.വെള്ളം കണ്ടിട്ട് നാളുകളായ മുടിയില്‍ മുല്ലയും പിച്ചിയും കനകാംബരവുമെല്ലാം ചൂടി, കടുത്ത ഉഷ്ണത്തോട് മത്സരിക്കുന്ന വിധത്തില്‍ പട്ടുസാരികളും ചുറ്റിയ വര്‍ണ്ണവിസ്മയങ്ങള്‍ ചുറ്റിനും-ഹോ! വീട്ടില്‍ പാട്ടയും ഉജാലക്കുപ്പിയും പെറുക്കാന്‍ വരുന്ന തമിഴത്തികളുമായി എന്തൊരന്തരം!!

ചെന്നൈക്ക് തവിട്ടുനിറമാണ്-പൊടി പിടിച്ച പോലെ, എന്നാല്‍ ഒരുതരത്തില്‍വുംവശ്യവും-ആധുനികതയുടേയും യന്ത്രവത്കരണത്തിന്റേയും പാരമ്പര്യത്തിന്റേയുംഒക്കെ ഒരു സമ്മിശ്രവര്‍ണ്ണം. നാട്ടിന്‍പുറത്തിന്റെ തെളിമ ഇനി സ്വപ്നത്തിലും, വല്ലപ്പോഴും വീണുകിട്ടുന്ന ഒഴിവുദിനങ്ങളിലും മാത്രമാണെന്ന ബോധം കുറച്ചൊന്നു വിഷമിപ്പിച്ചു. അവിടമാകെ ബ്രൂ
കോഫിയുടേയും ഇഡ്ഡലിയുടേയും സാമ്പാറിന്റേയും പൂക്കളുടേയും ഗന്ധം-അനുബന്ധമെന്നോണം വിയര്‍പ്പിന്റേയും മുഷിഞ്ഞ വസ്ത്രങ്ങളുടേയും മറ്റും അലോസരപ്പെടുത്തുന്ന ചില ഗന്ധങ്ങളും.(കുറച്ചുകാലം കൊണ്ട് ഞാന്‍ മനസ്സില്‍ ഒരു സമവാക്യം എഴുതിച്ചെര്‍ത്തു: മദിരാശി=ബ്രു കോഫി + ‘ദ ഹിന്ദു‘ + ‘റേഡിയോ മിര്‍ച്ചി’ +ബിസ്ലേരി+കടല്‍ത്തീരസായാഹ്നങ്ങള്‍+സംഗീത നൃത്തഭ്രാന്തുകള്‍+പട്ടുസാരികള്‍+മുല്ലപിച്ചികനകാംബരാദികള്‍+വിയര്‍ത്തൊലിച്ച മുഖങ്ങള്‍+കോവിലുകള്‍+നമ്പറിട്ട ബസുകള്‍+പൊരിഞ്ഞ വെയില്‍+ഷെയര്‍ ഓട്ടോ + ഓട്ടോക്കാരെന്ന പകല്‍ക്കൊള്ളക്കാര്‍+പ്രഭാതസവാരിക്കാര്‍)

പിറ്റേന്ന് രാവിലെയാണ് കമ്പനിയില്‍ ചേരേണ്ടത്!! ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തില്‍ നിന്നു ഒരു ഉദ്യോഗസ്ഥയുടെ പക്വതയിലേയ്ക്ക്..ആകാംക്ഷയും പകപ്പും പരിഭ്രമവും നാട് വിട്ടതിലുളള സങ്കടവും എല്ലാം ചേര്‍ന്നുള്ള ഒരു ജുഗല്‍ബന്ദി ഉള്ളില്‍ മുഴങ്ങുന്നു...
മീനമ്പാക്കത്തെ ഡിഫന്‍സ് ക്വാര്‍ട്ടേഴ്സില്‍ അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലെത്തി.(എച്ച് ആര്‍ എ ലാഭിക്കാനായി അച്ഛന്‍ ക്വാര്‍ട്ടേഴ്സിനു വെളിയിലാണു താമസിച്ചിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ഒരിടത്തരക്കാരന്റെ ആവലാതികളേയ്!)
കുളിയും ഭക്ഷണവും കഴിഞ്ഞ് കാള്‍ ടാക്സിയില്‍ നുങ്കമ്പാക്കത്തെ ഹോസ്റ്റലിലേയ്ക്ക്.

പൊരിയുന്ന ചൂട്! ഈശ്വരാ ഇവിടെ കുറേ നാള്‍ ജീവിച്ചു കഴിയുമ്പോള്‍ ഞാന്‍ എങ്ങനെയായിത്തീരുമോ ആവോ? പിടിച്ചുനില്‍ക്കാനുള്ള ശക്തി തരണേ!
നുങ്കമ്പാക്കം-ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗം! മാനം മുട്ടുന്ന കെട്ടിടങ്ങളും പൊടിയും ചൂടും തിരക്കും മൂലം വീര്‍പ്പുമുട്ടുന്ന നിരത്തുകളും..

എം എം ഹോസ്റ്റല്‍-മെയിന്‍ റോഡില്‍ നിന്നും നീങ്ങി ഒരു റസിഡെന്‍ഷ്യല്‍ ഏരിയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ വീട്! മുന്‍പില്‍ ഗേറ്റിനോട് ചേര്‍ന്ന് ഒരു ആര്യവേപ്പ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. യൂണിഫോം ഇട്ട സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു-ഉദ്ദേശം മുപ്പത്തഞ്ചുവയസ്സുകഴിഞ്ഞ , സൂക്ഷിച്ച് നോക്കിയാല്‍ മാത്രം ദൃശ്യമാവുന്ന ഒരു ചിരിയുമായി കൃശഗാത്രനായ ആ മനുഷ്യന്‍ ഞങ്ങളെ വരവേറ്റു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി-വെളുക്കെ ചിരിച്ചുകൊണ്ട് നാഗവല്ലിയെപ്പോലെ ഒര്‍ഉ മഹിളാരത്നം മുന്‍പില്‍! നല്ല ഉയരം.സാരിയാണ്‍ വേഷം. മുടി പിന്നിയിട്ട് മുല്ലപ്പൂ വെച്ചിരിക്കുന്നു. സീമന്തരേഖ മുഴുവന്‍ ചുവപ്പിക്കുമെന്ന്‍ വാശിയുള്ളതു പോലെ, നെറ്റിയിലേതിന്റെ ബാക്കിപത്രം അവിടേയും. ആ മദ്ധ്യവയസ്ക ഞങ്ങളെ സ്വീകരിച്ചിരുത്തി കാപ്പിയൊക്കെ തന്നു.

ഒരു മുസ്ലീം ഛായ തോന്നി ആ വീടിന്. പാവം അച്ഛന്‍ എനിക്കു വേണ്ടി ഒരു മാര്‍ബിള്‍ കൊട്ടാരമാണല്ലോ കണ്ടുവെച്ചിരിക്കുന്നത് എന്നോര്‍ത്തു ചുറ്റും വീക്ഷിക്കുകയായിരുന്നു ഞാന്‍. ഫാഷന്റെ അങ്ങേയറ്റമായ എറണാകുളത്തുപോലും കാണാത്ത പല പല വേഷങ്ങളും അവിടെ കണ്ടു. പലതും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നു- വമ്പന്‍ സ്രാവുകളുടെ മക്കളായിരിക്കണം.

അതിനുശേഷം മുറികള്‍ കാണിച്ചു തന്നു. മരം കൊണ്ടുള്ള കബോര്‍ഡുകളുമൊക്കെയായി നല്ല വിസ്താരമുള്ള മുറികള്‍. നല്ല വൃത്തിയും വെടിപ്പും! എനിക്കിഷ്ടമായി!
ഞാന്‍ താഴത്തെ നിലയില്‍, മൂലയിലുള്ള , അധികം കോലാഹലങ്ങള്‍ എത്തിപ്പെടാത്ത ഒരു മുറി തെരഞ്ഞെടുത്തു. ഈ പ്രകൃതിസ്നേഹി ജനാലയ്ഓടു ചേര്‍ന്ന കട്ടില്‍ തന്നെ തെരഞ്ഞെടുത്തു. ബാഗൊക്കെ വച്ചിട്ട് അച്ഛന്റേയും അമ്മയുടേയും കൂടെ ഷോപ്പിങ്ങിനിറങ്ങി-വരും ദിവസങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഉത്കണ്ഠകളും നിറഞ്ഞ മനസ്സോടെ.

രാത്രി തിരിച്ചെത്തി. എന്നേയും അമ്മയേയും ഹോസ്റ്റലില്‍ ആക്കിയിട്ട് അച്ഛന്‍ മീനമ്പാക്കത്തെ കുടുസ്സുമുറിയിലേയ്ക്ക്..

ഒന്നു മേല്‍കഴുകി, അമ്മയുടെ കൂടെ സുഖമായി ഉറങ്ങി.