Tuesday, August 22, 2006

മദിരാശിയിലെത്തുന്നു
--------------------------

അങ്ങനെ അന്നു രാവിലെ ചെന്നൈ സെന്‍ ട്രല്‍ സ്റ്റേഷനില്‍ അമ്മക്കിളിയുടേയും അച്ഛന്‍ കിളിയുടേയും കൂടെ ഈ കുഞ്ഞിക്കിളി വണ്ടിയിറങ്ങി.കയ്യില്‍ മൂന്നാലു പെട്ടികളുമായി.
മനസ്സു മൂളിക്കൊണ്ടിരുന്നു- “നാട്യപ്രധാനം നഗരം ദരിദ്രം....“.
എന്തു തിരക്കാ സ്റ്റേഷനില്‍..നീലയും ചുവപ്പുമണിഞ്ഞ ചുമട്ടുകാരുടേയും ക്ഷീണിതരായ യാത്രക്കാരുടേയും നെട്ടോട്ടം!! അതിനിടയില്‍ ഉത്സവപ്പറമ്പില്‍ വഴിതെറ്റാതിരിക്കാന്‍ അമ്മയുടെ സാരിത്തുമ്പ് പിടിക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍.വെള്ളം കണ്ടിട്ട് നാളുകളായ മുടിയില്‍ മുല്ലയും പിച്ചിയും കനകാംബരവുമെല്ലാം ചൂടി, കടുത്ത ഉഷ്ണത്തോട് മത്സരിക്കുന്ന വിധത്തില്‍ പട്ടുസാരികളും ചുറ്റിയ വര്‍ണ്ണവിസ്മയങ്ങള്‍ ചുറ്റിനും-ഹോ! വീട്ടില്‍ പാട്ടയും ഉജാലക്കുപ്പിയും പെറുക്കാന്‍ വരുന്ന തമിഴത്തികളുമായി എന്തൊരന്തരം!!

ചെന്നൈക്ക് തവിട്ടുനിറമാണ്-പൊടി പിടിച്ച പോലെ, എന്നാല്‍ ഒരുതരത്തില്‍വുംവശ്യവും-ആധുനികതയുടേയും യന്ത്രവത്കരണത്തിന്റേയും പാരമ്പര്യത്തിന്റേയുംഒക്കെ ഒരു സമ്മിശ്രവര്‍ണ്ണം. നാട്ടിന്‍പുറത്തിന്റെ തെളിമ ഇനി സ്വപ്നത്തിലും, വല്ലപ്പോഴും വീണുകിട്ടുന്ന ഒഴിവുദിനങ്ങളിലും മാത്രമാണെന്ന ബോധം കുറച്ചൊന്നു വിഷമിപ്പിച്ചു. അവിടമാകെ ബ്രൂ
കോഫിയുടേയും ഇഡ്ഡലിയുടേയും സാമ്പാറിന്റേയും പൂക്കളുടേയും ഗന്ധം-അനുബന്ധമെന്നോണം വിയര്‍പ്പിന്റേയും മുഷിഞ്ഞ വസ്ത്രങ്ങളുടേയും മറ്റും അലോസരപ്പെടുത്തുന്ന ചില ഗന്ധങ്ങളും.(കുറച്ചുകാലം കൊണ്ട് ഞാന്‍ മനസ്സില്‍ ഒരു സമവാക്യം എഴുതിച്ചെര്‍ത്തു: മദിരാശി=ബ്രു കോഫി + ‘ദ ഹിന്ദു‘ + ‘റേഡിയോ മിര്‍ച്ചി’ +ബിസ്ലേരി+കടല്‍ത്തീരസായാഹ്നങ്ങള്‍+സംഗീത നൃത്തഭ്രാന്തുകള്‍+പട്ടുസാരികള്‍+മുല്ലപിച്ചികനകാംബരാദികള്‍+വിയര്‍ത്തൊലിച്ച മുഖങ്ങള്‍+കോവിലുകള്‍+നമ്പറിട്ട ബസുകള്‍+പൊരിഞ്ഞ വെയില്‍+ഷെയര്‍ ഓട്ടോ + ഓട്ടോക്കാരെന്ന പകല്‍ക്കൊള്ളക്കാര്‍+പ്രഭാതസവാരിക്കാര്‍)

പിറ്റേന്ന് രാവിലെയാണ് കമ്പനിയില്‍ ചേരേണ്ടത്!! ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തില്‍ നിന്നു ഒരു ഉദ്യോഗസ്ഥയുടെ പക്വതയിലേയ്ക്ക്..ആകാംക്ഷയും പകപ്പും പരിഭ്രമവും നാട് വിട്ടതിലുളള സങ്കടവും എല്ലാം ചേര്‍ന്നുള്ള ഒരു ജുഗല്‍ബന്ദി ഉള്ളില്‍ മുഴങ്ങുന്നു...
മീനമ്പാക്കത്തെ ഡിഫന്‍സ് ക്വാര്‍ട്ടേഴ്സില്‍ അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലെത്തി.(എച്ച് ആര്‍ എ ലാഭിക്കാനായി അച്ഛന്‍ ക്വാര്‍ട്ടേഴ്സിനു വെളിയിലാണു താമസിച്ചിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ഒരിടത്തരക്കാരന്റെ ആവലാതികളേയ്!)
കുളിയും ഭക്ഷണവും കഴിഞ്ഞ് കാള്‍ ടാക്സിയില്‍ നുങ്കമ്പാക്കത്തെ ഹോസ്റ്റലിലേയ്ക്ക്.

പൊരിയുന്ന ചൂട്! ഈശ്വരാ ഇവിടെ കുറേ നാള്‍ ജീവിച്ചു കഴിയുമ്പോള്‍ ഞാന്‍ എങ്ങനെയായിത്തീരുമോ ആവോ? പിടിച്ചുനില്‍ക്കാനുള്ള ശക്തി തരണേ!
നുങ്കമ്പാക്കം-ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗം! മാനം മുട്ടുന്ന കെട്ടിടങ്ങളും പൊടിയും ചൂടും തിരക്കും മൂലം വീര്‍പ്പുമുട്ടുന്ന നിരത്തുകളും..

എം എം ഹോസ്റ്റല്‍-മെയിന്‍ റോഡില്‍ നിന്നും നീങ്ങി ഒരു റസിഡെന്‍ഷ്യല്‍ ഏരിയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ വീട്! മുന്‍പില്‍ ഗേറ്റിനോട് ചേര്‍ന്ന് ഒരു ആര്യവേപ്പ് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. യൂണിഫോം ഇട്ട സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു-ഉദ്ദേശം മുപ്പത്തഞ്ചുവയസ്സുകഴിഞ്ഞ , സൂക്ഷിച്ച് നോക്കിയാല്‍ മാത്രം ദൃശ്യമാവുന്ന ഒരു ചിരിയുമായി കൃശഗാത്രനായ ആ മനുഷ്യന്‍ ഞങ്ങളെ വരവേറ്റു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി-വെളുക്കെ ചിരിച്ചുകൊണ്ട് നാഗവല്ലിയെപ്പോലെ ഒര്‍ഉ മഹിളാരത്നം മുന്‍പില്‍! നല്ല ഉയരം.സാരിയാണ്‍ വേഷം. മുടി പിന്നിയിട്ട് മുല്ലപ്പൂ വെച്ചിരിക്കുന്നു. സീമന്തരേഖ മുഴുവന്‍ ചുവപ്പിക്കുമെന്ന്‍ വാശിയുള്ളതു പോലെ, നെറ്റിയിലേതിന്റെ ബാക്കിപത്രം അവിടേയും. ആ മദ്ധ്യവയസ്ക ഞങ്ങളെ സ്വീകരിച്ചിരുത്തി കാപ്പിയൊക്കെ തന്നു.

ഒരു മുസ്ലീം ഛായ തോന്നി ആ വീടിന്. പാവം അച്ഛന്‍ എനിക്കു വേണ്ടി ഒരു മാര്‍ബിള്‍ കൊട്ടാരമാണല്ലോ കണ്ടുവെച്ചിരിക്കുന്നത് എന്നോര്‍ത്തു ചുറ്റും വീക്ഷിക്കുകയായിരുന്നു ഞാന്‍. ഫാഷന്റെ അങ്ങേയറ്റമായ എറണാകുളത്തുപോലും കാണാത്ത പല പല വേഷങ്ങളും അവിടെ കണ്ടു. പലതും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നു- വമ്പന്‍ സ്രാവുകളുടെ മക്കളായിരിക്കണം.

അതിനുശേഷം മുറികള്‍ കാണിച്ചു തന്നു. മരം കൊണ്ടുള്ള കബോര്‍ഡുകളുമൊക്കെയായി നല്ല വിസ്താരമുള്ള മുറികള്‍. നല്ല വൃത്തിയും വെടിപ്പും! എനിക്കിഷ്ടമായി!
ഞാന്‍ താഴത്തെ നിലയില്‍, മൂലയിലുള്ള , അധികം കോലാഹലങ്ങള്‍ എത്തിപ്പെടാത്ത ഒരു മുറി തെരഞ്ഞെടുത്തു. ഈ പ്രകൃതിസ്നേഹി ജനാലയ്ഓടു ചേര്‍ന്ന കട്ടില്‍ തന്നെ തെരഞ്ഞെടുത്തു. ബാഗൊക്കെ വച്ചിട്ട് അച്ഛന്റേയും അമ്മയുടേയും കൂടെ ഷോപ്പിങ്ങിനിറങ്ങി-വരും ദിവസങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഉത്കണ്ഠകളും നിറഞ്ഞ മനസ്സോടെ.

രാത്രി തിരിച്ചെത്തി. എന്നേയും അമ്മയേയും ഹോസ്റ്റലില്‍ ആക്കിയിട്ട് അച്ഛന്‍ മീനമ്പാക്കത്തെ കുടുസ്സുമുറിയിലേയ്ക്ക്..

ഒന്നു മേല്‍കഴുകി, അമ്മയുടെ കൂടെ സുഖമായി ഉറങ്ങി.